കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
റിപ്പോർട്ട് 2023 മേയ് 17ന് മുഖ്യമന്ത്രിക്കു സമർപ്പിച്ചതാണ്. 33 മാസം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ക്രിസ്ത്യൻ ന്യൂനപക്ഷത്തോടുള്ള വിവേചനമാണ്. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും അവ ഏതൊക്കെയാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ഈ വിഷയങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സഭ-സമുദായ നേതാക്കളുടെ സമ്മേളനം വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉണ്ടായില്ല.
കാര്യങ്ങളിൽ വ്യക്തത വരുത്തി ക്രൈസ്തവ ന്യൂനപക്ഷത്തോടുള്ള വേർതിരിവ് അവസാനിപ്പിക്കണം. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച് സഭാനേതൃത്വങ്ങളുമായി ചർച്ചചെയ്ത് എത്രയുംവേഗം നടപ്പിലാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺവീനർ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, അംഗങ്ങളായ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സഭാ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പ്രസംഗിച്ചു.